പരകായപ്രവേശം നടത്തി മമ്മുക്ക
"ഒരു മൂർത്തിയെ സേവിക്കുകയാണെങ്കിൽ ചാത്തനെ തന്നെ സേവിക്കണം. ചാത്തൻ പ്രസാദിച്ചാൽ സാധിക്കാത്ത കാര്യം യാതൊന്നുമില്ല." കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലെ ഒരു അധ്യായത്തിൽ, അതിഥിയായ കുഞ്ചമൺ പോറ്റി അങ്ങനെ പറഞ്ഞപ്പോൾ, ആതിഥേയനായ കാളിസേവകനായ മറ്റപ്പളളി നമ്പൂതിരിപ്പാടിന്റെ അഹന്ത ഇളകിയിരിക്കണം, സമ്മതിച്ചുകൊടുത്തില്ല. രണ്ടു പേരും അവരവരുടെ മൂർത്തിയെ പ്രത്യക്ഷപ്പെടുത്തിയവരാണ്, പ്രശസ്തരുമാണ്, അതാവാം, തർക്കം വാഗ്വാദമായി മുറുകി അവസാനം പരീക്ഷിക്കാൻ തീരുമാനിച്ചു. നേരെ ക്ഷേത്രത്തിലേക്ക് പോയി. മുറുക്കാൻ ആവശ്യപ്പെട്ട പോറ്റിയ്ക്ക് മുന്നിൽ നൂറു തേച്ച വെററിലയും ചെല്ലവുമായി ഭൃത്യനായി ചാത്തൻ വന്നു നിന്നു. ഇതു കണ്ട നമ്പൂതിരിയും തന്റെ ദേവതയോട് ആവശ്യപ്പെട്ടു, അതി സുന്ദരിയായ ഒരു യുവതിയായി ദേവിയും തന്റെ ഉപാസകന് താംബുലം ഒരുക്കി നൽകി. പതം വരുത്തിയ ശേഷം പോറ്റി കോളാമ്പി ആവശ്യപ്പെട്ടപ്പോൾ ചാത്തൻ കോളാമ്പിയുമായി എത്തി. വിട്ടുകൊടുക്കാനാവുമോ, നമ്പൂതിരിയും ദേവിയെ കൊണ്ട് തുപ്പൽ കോളാമ്പി എടുപ്പിച്ചു. ഇത്രയും നിരീച്ചില്ലെന്നു പറഞ്ഞ് കുഞ്ചമൺ പോറ്റി പിൻവാങ്ങി മടങ്ങിയപ്പോൾ വാസ്തവത്തിൽ തോറ്റത് നമ്പൂതിരിയായിരുന്നു, കാരണം ദേവി പിന്നീട് പ്രത്യക്ഷപ്പെടില്ലാ എന്ന് ശപിച്ചെന്നോണം പിണങ്ങിപ്പോവുകയാണുണ്ടായത്.
ഒരുപാട് നെഗറ്റീവ് റിവ്യൂ വായിച്ചിട്ട് തന്നെയാണ് ഭ്രമയുഗം കാണാൻ തീരുമാനിച്ചത്. സമയമാണ് പണയം വയ്ക്കാനുമുണ്ടായിരുന്നത്. കലിയുഗത്തിന്റെ അപഭ്രംശമാണത്രേ ഭ്രമയുഗം. തന്റെ അതിഥിയായെത്തി മുറ്റത്തുനിന്ന പാണനോട് കൊടുമൺ പോറ്റി പറയുന്നു കയറിവരാൻ. മടിച്ചു നിന്നവനോട്, ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണെന്ന് സിദ്ധാന്തം ഉദ്ധരിച്ച് വ്യക്തമാക്കുന്നു. മനയിലേക്ക് കാൽവച്ചു കയറുന്ന പാണനൊപ്പം തീയറ്ററിന്റെ ഇരുട്ടിന്റെ ഭാഗമായി നമ്മൾ തിരശീലയിലേക്ക് കയറുകയാണ്, പിന്നീടങ്ങോട്ട് സമയം അറിയാതെ ഏതോ കാലത്തിലൂടെയാണ് നാം പോകുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളാണ് രണ്ടേകാൽ മണിക്കൂർ മുഴുവൻ. കഥാപാത്രങ്ങളുടെ ഭാവ പ്രകടനങ്ങൾ പ്രേക്ഷകരുടെ കണ്ണുകളിൽ എത്തണമെങ്കിൽ ബ്ലാക്ക് ആന്റ് വൈറ്റിൽ തന്നെ രംഗങ്ങൾ ഒപ്പി എടുക്കണം. മമ്മൂട്ടിയുടെ മാനറിസങ്ങൾ അത്ര കൃത്യമായാണ് ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. പല വിമർശനങ്ങളിലും ചലച്ചിത്രം വലിച്ചു നീട്ടിയതായി കുറ്റപ്പെടുത്തി കണ്ടു. തികച്ചും വാസ്തവ വിരുദ്ധമായ അഭിപ്രായമാണ് ഇത് എന്ന് സിനിമ മുഴുവൻ കണ്ടാൽ മനസ്സിലാകും. അത്രക്ക് ആകർഷകമായ ഉള്ളടക്കം കൊണ്ടാണ് രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. രംഗ സംവിധാനങ്ങൾ ബ്ലാക്ക് ആന്റ് വൈറ്റ് കാഴ്ചകൾക്ക് ഉതകുന്ന രീതിയിൽ ഭയം സന്നിവേശിപ്പിച്ച് തന്നെ ഒരുക്കി വച്ചിട്ടുണ്ട്.
രണ്ടാം പാതിയിൽ, മമ്മൂട്ടി ആരാധകർക്ക് വേണ്ട എല്ലാ മേമ്പൊടികളും കാഴ്ചയിൽ ഉണ്ട്. ഇനി നിങ്ങൾ മമ്മൂട്ടി ആരാധകൻ അല്ല എങ്കിൽ കൂടി എഴുപതുകളിൽ എത്തി നിൽക്കുന്ന ഒരു നടന് ഈ രീതിയിൽ ഒരു അഭിനയ പ്രകടനം കാഴ്ചവക്കാൻ സാധിക്കുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും തീർച്ച.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ഒരു റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ഏത് എന്ന് ചോദിച്ചാൽ ഭ്രമയുഗം എന്നാണ് എന്റെ ഉത്തരം.
Comments
Post a Comment