മുന്തിരി തോപ്പിലെ പ്രണയം







എനിക്ക് എത്ര കണ്ടാലും മതി വരാത്ത ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് 1986ൽ റിലീസായ പത്മരാജന്റെ “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” . ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സിനിമ റിലീസായത്. അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം തിരുവനന്തപുരത്തെ ഏതോ തീയറ്ററിൽ പോയി ഈ സിനിമ കണ്ട നേരിയ ഓർമ മാത്രമേ മനസ്സിലുള്ളു. പിന്നീട്, വർഷങ്ങൾക്കു ശേഷം ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഒരു അവധി ദിവസം അയൽപക്കത്തെ വീട്ടിൽ വിസിആറിൽ കാസറ്റ് വാടകക്ക് എടുത്ത് കൂട്ടുകാർക്ക് ഒപ്പം വീണ്ടും ഈ ചിത്രം കണ്ട വ്യക്തമായ ഓർമ്മയാണ് ഉള്ളത്. യാദൃശ്ചികമായി ഹോട്ട് സ്റ്റാറിൽ ഈ ചിത്രം അടുത്തിടെ വീണ്ടും കാണുവാൻ സാധിച്ചു. വർഷങ്ങൾ ഇത്ര കഴിയുമ്പോളും സോളമന്റെയും സോഫിയയുടെയും പ്രണയത്തിന് തീവ്രത കൂടിയതായാണ് അനുഭവപ്പെട്ടത്.

ചിത്രത്തിലെ കഥക്ക് ആധാരമായ കെ.കെ.സുധാകരന്റെ “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം” എന്ന നോവലിൽ നിന്നും തികച്ചും വ്യത്യസ്തമായ വീക്ഷണമാണ് പപ്പേട്ടൻ ചലച്ചിത്രത്തിലെ കഥയ്ക്ക് വേണ്ടി സ്വീകരിച്ചത്. അതു തന്നെ ആണ് ഈ ചിത്രത്തിന്റെ മനോഹാരിതയും.സോളമൻ എന്ന കഥാപാത്രത്തിനും, ആന്റണി എന്ന കഥാപാത്രത്തിനും മാത്രം പപ്പേട്ടൻ വലിയ മാറ്റങ്ങൾ ഒന്നും വരുത്താതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. മറ്റു കഥാപാത്രങ്ങളെ അടിമുടി മാറ്റം വരുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പോൾ പൈലോക്കാരന്റെ കഥാപാത്രം. കൈയിൽ കിട്ടിയാൽ ആരായാലും ഒന്ന് പോട്ടിച്ചിരിക്കും തീർച്ച. (നോവലിൽ പോൾ പൈലോക്കാരൻ ഒരു മാന്യ വ്യക്തിത്വത്തിന്റെ ഉടമ ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.)

തിലകൻ എന്ന മഹാനടന്റെ അത്യുഗ്രൻ പ്രകടനമാണ് സിനിമയിൽ കണ്ടത്. ” കൊണ്ട് പോകാൻ വന്നതാണോ?… കൊണ്ട് പോയ്ക്കോ… ഇനി കൊണ്ട് പൊയ്ക്കോ…” ക്ലൈമാക്സിലെ തിലകൻ (പോൾ പൈലോക്കാരൻ) മോഹൻലാലിനോട്(സോളമൻ) പറയുന്ന ഈ ഒരു ഡയലോഗ് ഡെലിവറി മാത്രം മതി ആ മഹാനടന്റെ അഭിനയമികവ് മനസ്സിലാക്കാൻ.

നോവലിനെ പത്മരാജൻ ടച്ചിലൂടെ എങ്ങനെ മനോഹരമായ പ്രണയ കാവ്യമാക്കി എന്ന് അറിയാൻ നോവൽ ഒന്ന് വായിച്ചതിനു ശേഷം സിനിമ ഒന്ന് കണ്ടാൽ മാത്രം മതി.

പദ്മരാജൻ ചിത്രങ്ങളിലെ ലൊക്കേഷനുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും സ്വന്തമാക്കണം എന്ന് മോഹിപ്പിച്ചതും സോളമൻറെ വീടും തോട്ടവും ആണ്(നോവലിലെ സോളമന്റെ വീടിനെകാളും എത്രയോ മനോഹരമാണ് സിനിമയിലെ സോളമന്റെ വീട്). പാതിരാത്രി ലോറിയോടിച്ചു വീട്ടിൽ വന്നു കയറി അമ്മയെ വിളിച്ചെഴുന്നേൽപ്പിച്ച് ചൂടുള്ള ചപ്പാത്തിയും ചിക്കൻ കറിയും തിന്നു കൊണ്ട് തുടങ്ങുന്ന സോളമൻറെ കഥ തൊട്ട് അങ്ങോട്ട്‌ ഒരു വല്ലാത്ത ഇഷ്ടമാണ് അയാളുടെ ജീവിതത്തിനോട്. അമ്മയെ പൊന്ന് പോലെ സ്നേഹിക്കുന്ന,അപ്പന്റെ കുഴിമാടത്തിൽ ചെന്ന് സംസാരിക്കുന്ന, വീട്ടിൽ അതിഥി ആയി വന്ന ആന്റണിയോട് ഒരു കൂട്ടുകാരനെ പോലെ പെരുമാറുന്ന, എല്ലാരോടും മര്യാദയോടെ സൗമ്യമായി സംസാരിക്കുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന അയാളുടെ ചങ്കൂറ്റത്തോടും ഒരു ആരാധനയാണ്. സിനിമയിലെ സോളമൻറെ വീടിനോടായാലും സോളമന്റെ മുന്തിരിതോട്ടത്തോടായാലും വല്ലാത്ത മോഹമാണ്… സ്വന്തമാക്കാൻ.

ഇതിലൊക്കെ ഉപരി ഈ സിനിമയുടെ പശ്ചാത്തല സംഗീതമാണ് മനോഹരം.ഇങ്ങനെയൊരു ഇഷ്ടാനുഭവം സൃഷ്ടിക്കാൻ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല.
അതിനൊപ്പം പത്മരാജൻ എന്ന പ്രതിഭയുടെ കയ്യൊപ്പും, മോഹൻലാൽ -ശാരി ജോഡിയുടെ രസതന്ത്രവും, തിലകൻ എന്ന മഹാനടന്റെ അഭിനയം മികവും ഒത്തു ചേർന്ന്, മനോഹരമാക്കി തീർത്ത കാഴ്ചകളാണ് “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”

ഇനി സിനിമയുടെ മുഖ്യ ആകർഷണമായ നായകൻ നായികയോട് തന്റെ പ്രണയം പറയുന്ന രംഗമാണ്. നോവലിൽ ഈ സംഭാഷണം സോളമൻ ആന്റണിയോട് പറയുന്നതായാണ് എഴുതപ്പെട്ടിരിക്കുന്നത്.
അതു കൊണ്ട് തന്നെ വായനയിൽ ഈ സംഭാഷണം മനസ്സിൽ തങ്ങി നിൽക്കുന്നില്ല.

സിനിമയിലെ ആ സംഭാഷണത്തിലേക്ക്….

ശലമോന്റെ “song of songs” ൽ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാ പാർക്കാം.. അതി കാലത്ത് എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം…..!! സോഫിയ യ്ക്ക് ഇതിന്റെ ബാക്കി അറിയുമോ?

“ഇല്ല “

“ഉം.. അത്… (ഒന്ന് നിർത്തി ) പോയി ബൈബിൾ തുറന്നു നോക്ക് “

അടുത്ത രംഗം

ബൈബിൾ വായിക്കുന്ന സോഫിയ..

(പശ്ചാത്തല ശബ്ദം സോഫിയയുടെത്)

“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.. അതി കാലത്ത് എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം..അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും!!”

സോളമന്റെ ശബ്ദത്തിൽ ഒരിക്കൽ കൂടി അവസാന വരികൾ

“അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും”

സോഫിയുടെ പുഞ്ചിരി തിരശ്ശീലയിൽ നിറഞ്ഞു നിൽക്കുന്നു ..

ഈ രംഗങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് പ്രണയത്തിന്റെ കാല്പനിക ഭാവങ്ങളാണ്!!. യാഥാർഥ്യങ്ങൾക്കപ്പുറത്തെ ഒരു സ്വർഗ്ഗീയ അനുഭവത്തിലേക്ക് അല്ലെങ്കിൽ അതിന്റെ മനോഹാരിതയിലേക്ക് നമ്മളെ ഈ രംഗം കൂട്ടി കൊണ്ട് പോവുന്നുണ്ട്!!

ഇതിലും മനോഹരമായ പ്രണയത്തിന്റെ തുറന്നു പറച്ചിൽ മലയാള സിനിമയിൽ എന്നല്ല ലോകസിനിമയിൽ തന്നെ വേറെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല.

സിനിമ ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്. നോവലിന്റെ ശബ്ദരേഖ സ്റ്റോറി ടെൽ ആപ്പിൽ ലഭ്യമാണ്.

കാണുക പ്രണയത്തിന്റെ മാധുര്യം നുകർന്നറിയുക.

Comments

Popular posts from this blog

Kondaketti Hill Trek: A Triumph of Age and Determination

Santosh (2024) – A Quietly Devastating Crime Drama That Holds Up a Mirror to Society

A Day of Delight at Mandrothu: A Teacher's Retreat