കൊച്ചു പിടിയാനയുടെ വലിയ ഭയം
ഇന്ന് അപ്രതീക്ഷിതമായി ഒരു അവധി ലഭിച്ചത് കൊണ്ട് ഞാൻ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തി. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി ക്ഷേത്രത്തിൽ തടിപ്പണികൾ നടന്നുവരികയാണ്. അതിനാൽ രാവിലെ 10 മണി കഴിഞ്ഞ് ദർശനം ഇല്ല.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പതിവ് കാഴ്ചയാണ് സുദർശന എന്ന പിടിയാന. പത്തു വയസ്സുള്ള അവൾക്ക് ക്ഷേത്രത്തിലെ ഓരോ മുക്കും മൂലയും പരിചിതവുമാണ്. അവൾ രാവിലെ പദ്മനാഭസ്വാമിയെ പ്രദക്ഷിണം വയ്ക്കുന്നത് പതിവ് ദിനചര്യയാണ്.
ഇന്ന് എനിക്ക് സുദർശനയോടൊപ്പം, ഭഗവാനെ പ്രദക്ഷിണം വയ്ക്കാൻ അവസരം കിട്ടി. അവളോടൊപ്പം ചേർന്ന് ആദ്യ വലത് ഞാൻ പൂർത്തിയാക്കി. ദർശനം ഇല്ല എങ്കിലും ക്ഷേത്രത്തിനുള്ളിൽ തരക്കേടില്ലാത്ത ഭക്തജന തിരക്ക് ഉണ്ടായിരുന്നു. രണ്ടാം വലതിൽ,വടക്കേ ശിവേലിപ്പുരയിലൂടെ സുദർശന സഞ്ചരിക്കവെ, തടി അറുക്കുന്ന യന്ത്രത്തിന്റെ ശബ്ദം കേട്ട് അവൾ ഭയന്നു. അവൾ വേഗത്തിൽ ഓടാൻ തുടങ്ങി. അവളുടെ ഓട്ടം കണ്ട് ഭക്തജനങ്ങൾ ഭയചകിതരായി നാലുപാടും ചിതറി ഓടാൻ തുടങ്ങി. സുദർശന ആരെയും ഉപദ്രവിക്കാതെ ഊട്ടുപുര ഗണപതി ക്ഷേത്രത്തിനുള്ളിൽ ഗണപതി ഭഗവാന്റെ മുന്നിൽ കയറി സ്ഥാനം പിടിച്ചു. അവൾ നന്നേ ഭയന്നിരുന്നു. പാവം, ഓട്ടത്തിനിടയിൽ അവളുടെ മസ്തകം ഉത്തരത്തിൽ തട്ടി. നല്ല പോലെ വേദനിച്ചിട്ടുണ്ടാകും അവൾക്ക്.
പിന്നാലെ ഓടിയെത്തിയ പാപ്പാൻമാർ അവളെ ആശ്വസിപ്പിച്ചു. പഴങ്ങൾ കൊടുത്തു. പതിയെ അവളെ മെരുക്കി ഗണപതി സന്നിധിയിൽ നിന്നും പുറത്ത് എത്തിച്ചു. പക്ഷേ, സുദർശനയുടെ പേടി മാറിയിരുന്നില്ല. അവൾ പതിയെ നടന്ന് കിഴക്കേ നടയിൽ കൊടിമരത്തിന്റെ അടുത്ത് നിലയുറപ്പിച്ചു. അപ്പോഴെക്കും, അവളെ ആശ്വസിപ്പിക്കാൻ എന്നോണം ശ്രീകോവിലിന് ഉള്ളിൽ നിന്നും ഒരു കുല പഴം അവൾക്ക് കഴിക്കുവാനായി എത്തിച്ചു നൽകി. അത് കഴിച്ചു കഴിഞ്ഞപ്പോൾ, അവൾ അൽപ്പം ഭയമുക്തി നേടി എന്ന് തോന്നി.
ശേഷം അവൾ പതിയെ തെക്കേ നടയിലൂടെ പുറത്തുവന്ന് ആനക്കൊട്ടിലിലേക്ക് പോകുന്ന നടുവഴിയിൽ വന്ന് നിന്നു. അവിടെ വച്ച് അവൾക്ക് ഒരു വലിയ കൂട നിറയെ പഴങ്ങൾ( ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ) കഴിക്കാൻ കിട്ടി. അതൊക്കെ കഴിച്ചപ്പോൾ, സുദർശനയുടെ ഭയം പൂർണമായും മാറി.
അങ്ങനെ, ഒരു ചെറിയ സംഭവം, ക്ഷേത്രത്തിലെ എല്ലാവർക്കും ആശങ്ക നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ചു. പക്ഷേ, സുദർശനയുടെ അനുസരണാ ശീലവും പാപ്പാൻമാർക്ക് അവളോടുള്ള സ്നേഹവും കാരണം എല്ലാം ശുഭപര്യവസായി ആയി തീർന്നു.
സുദർശന അനുസരണയുള്ളവളായി പാപ്പാൻമാരുമൊത്ത് ആന കൊട്ടിലിലേക്ക് നടന്ന് നീങ്ങുന്ന കാഴ്ച കൺമറയുവോളം കണ്ട് നിറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരികെ നടന്നു.
Comments
Post a Comment