അനന്തപുരിയുടെ മറക്കാനാകാത്ത ഇന്നലെകൾ: ഗ്രഹാതുരത്വം നൽകുന്ന ഓർമകൾ
ടി.എസ്. വീരമണി അയ്യരുടെ 'അനന്തപുരിയുടെ മറക്കാനാകാത്ത ഇന്നലെകൾ' എന്ന പുസ്തകം വായിച്ചുകഴിഞ്ഞാൽ, തിരുവനന്തപുരത്തെ ചരിത്രത്തിലേക്ക് ഒരു സമയയാത്ര ചെയ്തതുപോലെ തോന്നും. തിരുവനന്തപുരത്തെ ജീവിതം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഒരു ധാരണ ഈ പുസ്തകം നൽകുന്നു.
പുസ്തകത്തിലെ ഏറ്റവും ആകർഷകമായ ഭാഗങ്ങളിൽ ഒന്നാണ് പഴയ തിരുവനന്തപുരത്തിന്റെ ചിത്രങ്ങൾ. നഗരത്തിന്റെ പഴയ കെട്ടിടങ്ങൾ, തെരുവുകൾ, ആളുകൾ എന്നിവയെല്ലാം ചിത്രങ്ങളിലൂടെ ജീവൻ തെളിയുന്നു. ഈ ചിത്രങ്ങൾ വായനക്കാരെ ഒരു കാലയാത്രയിലേക്ക് കൊണ്ടുപോകുന്നു.
തിരുവിതാംകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്ന തിരുവനന്തപുരത്തിന്റെ ചരിത്രവും പുസ്തകത്തിൽ വിശദമായി വിവരിക്കുന്നു. രാജവംശത്തിന്റെ ഉയർച്ച താഴ്ചകൾ, തലസ്ഥാന നഗരമായി തിരുവനന്തപുരം അനുഭവിച്ച രാഷ്ട്രീയ കോലാഹലങ്ങൾ എന്നിവയെല്ലാം വായനക്കാരെ ആകർഷിക്കുന്ന വിഷയങ്ങളാണ്.
ഇന്ന് നാം കാണുന്ന തിരുവനന്തപുരം അല്ലായിരുന്നു പഴയ തിരുവനന്തപുരം. നഗരത്തിൽ ഇന്ന് കാണുന്നതും അല്ലാത്തതുമായ കെട്ടിടങ്ങൾ, കോട്ടകൾ, കൊത്തളങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ പുസ്തകത്തിൽ ഉണ്ട്. നഗരത്തിന്റെ വളർച്ചയും മാറ്റങ്ങളും ഈ വിവരണങ്ങളിലൂടെ വ്യക്തമാകും.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരത്തിന്റെ ആത്മാവാണ്. ക്ഷേത്രത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ ഈ പുസ്തകം നൽകുന്നു. ഞാൻ ഏറെ നാളായി അന്വേക്ഷിച്ചിരുന്ന കിഴക്കേകോട്ട പദ്മതീർഥത്തിന്റെ കിഴക്ക് വശത്ത് സ്ഥാപിച്ചിട്ടുള്ള കല്ലാനയുടെ ഉൽഭവം എങ്ങനെ എന്ന് ഈ പുസ്തകം വിവരിക്കുന്നുണ്ട്. തിരുകൊച്ചി സംസ്ഥാന രൂപീകരണം, ഐക്യ കേരള രൂപീകരണം, ഇതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന വിവിധ രാഷ്ട്രീയ സമരങ്ങൾ എന്നിവ പുസ്തകം ചർച്ച ചെയ്യുന്നു.
എന്നെ ഏറെ ആകർഷിച്ചത് തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻ്റ് സെൻട്രൽ സ്കൂളിനെ കുറിച്ചുള്ള അധ്യായമാണ്. രചയിതാവ് എന്നെ പോലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നറിഞ്ഞപ്പോൾ എനിക്ക് അത്യധികം സന്തോഷം തോന്നി. സ്കൂളിന്റെ ചരിത്രവും അദ്ദേഹത്തിന്റെ സ്കൂൾ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകളും പുസ്തകത്തിൽ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു. ആ കാലഘട്ടത്തിൽ മുന്നൂറിലധികം വിദ്യാർഥികൾ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിച്ചിരുന്നു എന്നത് ഈ വിദ്യാലയത്തിന്റെ പ്രതാപ് കാലത്തെ സൂചിപ്പിക്കുന്നു. ഞാൻ പഠിച്ചിരുന്ന കാലത്ത് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകൾ മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി ഉണ്ടായിരുന്നു.
നിർഭാഗ്യവശാൽ, ഈ ചരിത്രപ്രസിദ്ധമായ സ്കൂൾ ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഹയർസെക്കൻഡറി വിഭാഗം തുടങ്ങാൻ തയ്യാറായിരുന്ന ഒരു വിദ്യാലയമാണിത്. ഈ സ്കൂൾ നമ്മുടെ നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ, ഈ സ്കൂളിനെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.
'അനന്തപുരിയുടെ മറക്കാനാകാത്ത ഇന്നലെകൾ' എന്ന പുസ്തകം നൊസ്റ്റാൾജിയയുടെ ഒരു യാത്രയാണ്. തിരുവനന്തപുരത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ പുസ്തകം വായിക്കാൻ ശുപാർശ ചെയ്യാം. ഈ പുസ്തകം വായിച്ചുകഴിഞ്ഞാൽ, തിരുവനന്തപുരത്തെ ചരിത്രവും സംസ്കാരവും നമുക്ക് കൂടുതൽ അടുത്തറിയാൻ കഴിയും.
ഞാൻ ഈ പുസ്തകം ഞാൻ അധ്യാപകനായി ജോലി നോക്കുന്ന സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിക്ക് സംഭാവനയായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്
ഈ പുസ്തകത്തിൻ്റെ ഓഡിയോ രൂപം താഴെ കാണുന്ന ലിങ്കിൽ നിന്നും നിങ്ങൾക്ക് ശ്രവിക്കാം( സൗജന്യമല്ല)
https://kukufm.com/show/ananthapuriyude-marakkanavatha-innalekal/?utm_source=share_sh
പുസ്തകം വാങ്ങാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://amzn.in/d/8ZFNaC7
Comments
Post a Comment