ധന്യമായൊരു ജന്മദിനം
പുലർകാലെ കണി കണ്ടുണർന്നത് ജനലഴികളിലൂടെ അരിച്ചെത്തിയ സൂര്യരശ്മിയെയായിരുന്നു. ഓർമ്മയുടെ ചുമരിൽ തൂക്കിയിട്ട കലണ്ടറിലെ അക്കങ്ങൾ അയാളെ നോക്കി ചിരിച്ചു. "ഇന്ന് നിനക്ക് പ്രായം ഒന്നുകൂടി," അവ മൗനമായി പറഞ്ഞു.
മാധവൻ ഒരു നെടുവീർപ്പോടെ എഴുന്നേറ്റു. പതിവുപോലെ ഒരു ദിനം. ഇന്നലെ രാത്രി ഏറെ കൊതിച്ച് വാങ്ങിവെച്ച പുതിയ മുണ്ട് മടക്കിക്കുത്തുകളോടെ അലമാരയിലിരിപ്പുണ്ട്. കുളി കഴിഞ്ഞു വന്ന് അതെടുത്തുടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ നെറ്റി ചുളിഞ്ഞു. വാങ്ങിയ നേരത്തെ ആവേശം ചോർന്നുപോയിരുന്നു. നിറം നല്ലതാണെങ്കിലും എന്തോ ഒരു ചേർച്ചക്കുറവ്. " വേണ്ടായിരുന്നു," അയാൾ തന്നോടുതന്നെ പിറുപിറുത്തു. ആരും ആശംസകൾ നേരാനായി ഫോൺ വിളിച്ചില്ല, വാതിൽക്കൽ ആരും മുട്ടിവിളിച്ചുമില്ല. ഓർക്കാൻ മാത്രം എന്തിരിക്കുന്നു എന്ന ചിന്തയിൽ അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. ആരോരുമറിയാതെ ഈ പിറന്നാളും കടന്നുപോകട്ടെ.
ദിവസം അതിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു. വൈകുന്നേരമായപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരം. എങ്ങോട്ടെങ്കിലും ഒന്നിറങ്ങണം. ഒടുവിൽ കാലുകൾ ചെന്നെത്തിയത് അനന്തപത്മനാഭന്റെ തിരുമുറ്റത്തേക്കാണ്. അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ഗോപുരത്തിന് മുകളിൽ സ്വർണ്ണം പൂശിയിരുന്നു. കരിങ്കൽ പാകിയ തണുത്ത നിലത്ത് കാൽ വെച്ചപ്പോൾ തന്നെ മനസ്സിലെ ഭാരമെല്ലാം പതുക്കെ അലിഞ്ഞുപോകുന്നതുപോലെ തോന്നി.
ദർശനത്തിനായി ശ്രീകോവിലിന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ദീപാരാധനയുടെ സമയമായി. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. പെട്ടെന്ന്, പതിവായി ദീപാരാധനയ്ക്ക് മണിയടിക്കുന്നയാൾ എന്തോ കാരണത്താൽ അവിടെയില്ലായിരുന്നു. പൂജാരിയുടെ കണ്ണുകൾ ചുറ്റും പരതി, ഒടുവിൽ ഭക്തിയോടെ തൊഴുതുനിൽക്കുന്ന മാധവന്റെ മുഖത്ത് ഒരു നിമിഷം നിന്നു.
"അങ്ങോട്ട് കയറി ആ മണിയൊന്ന് അടിക്കാമോ?"
മാധവൻ ഒരു നിമിഷം വിറച്ചുപോയി. തന്നോടാണോ? പതിറ്റാണ്ടുകൾക്ക് മുൻപ് അച്ഛന്റെ കൈപിടിച്ച് ഈ നടയിൽ നിന്ന് ദീപാരാധന കണ്ടത് ഒരു സ്വപ്നം പോലെ ഓർമ്മ വന്നു. ഇന്ന്, ഭഗവാൻ തന്നെ ആ നിയോഗം ഏൽപ്പിച്ചിരിക്കുന്നു. വിറയ്ക്കുന്ന കൈകളോടെ അയാൾ മണ്ഡപത്തിലേക്ക് കയറി, ആ വലിയ ഘണ്ഡയുടെ ചരടിൽ പിടിച്ചു.
"ഓം... ജയ ജഗദീശ ഹരേ...", " ഗോവിന്ദാ ഹരിഃ"," ഗോവിന്ദാ ഹരിഃ"
പൂജാരിയുടെ മന്ത്രോച്ചാരണങ്ങൾക്കൊപ്പം മാധവൻ മണിയടിച്ചു. ആ ഘണ്ഡാനാദം ക്ഷേത്രാങ്കണം മുഴുവൻ മുഴങ്ങി. ദീപങ്ങളുടെ സ്വർണ്ണപ്രഭയിൽ പത്മനാഭസ്വാമിയുടെ അനന്തശയനം വെട്ടിത്തിളങ്ങി. ഓരോ തവണ മണിയടിക്കുമ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഈ ലോകത്തിൽ താൻ ഒറ്റയ്ക്കല്ലെന്നും, ഈശ്വരന്റെ കൃപാദൃഷ്ടി തന്നിലുണ്ടെന്നും ആരോ കാതിൽ പറയുന്നതുപോലെ തോന്നി. ദീപാരാധന കഴിഞ്ഞ് പ്രസാദവും വാങ്ങി പുറത്തിറങ്ങുമ്പോൾ മനസ്സ് ഒരു തൂവൽ പോലെ ഭാരമില്ലാത്തതായി. പുതുവസ്ത്രം ചേരാത്തതിലോ, ആരും ആശംസിക്കാത്തതിലോ അയാൾക്ക് പിന്നെ പരിഭവമേ തോന്നിയില്ല.
വീട്ടിലെത്തിയപ്പോൾ അമ്മ ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു.
"എവിടെയായിരുന്നു ഇത്രനേരം?"
"അമ്പലം വരെ പോയതാ അമ്മേ."
അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തിരിച്ചുവന്നത് ഒരു ചെറിയ സ്റ്റീൽ കിണ്ണത്തിൽ പാൽപ്പായസവുമായാണ്. ഇളം ചൂടുള്ള പായസം.
"ഇന്ന് നിന്റെ പിറന്നാളല്ലേ... ഭഗവാന് വെച്ചതാ."
മാധവന്റെ തൊണ്ടയിടറി. അമ്മയുടെ കൈയ്യിൽ നിന്നും ആ പാത്രം വാങ്ങുമ്പോൾ അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ഓരോ തുള്ളി പായസത്തിനും അമൃതിനേക്കാൾ മധുരമുണ്ടായിരുന്നു.
രാത്രി ഏറെ വൈകി, മുറിയിലെ കസേരയിലിരുന്ന് മാധവൻ പുറത്തെ നിലാവിലേക്ക് നോക്കി. വീട് നിശ്ശബ്ദമായിരുന്നു. രാവിലെ താൻ ഉടുക്കാൻ മടിച്ച, ചേർച്ചയില്ലെന്ന് കരുതിയ ആ പുതിയ മുണ്ട് ഭംഗിയായി മടക്കി കസേരയുടെ കൈയ്യിൽ വെച്ചിരുന്നു. അയാൾ അതിനെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. രാവിലെ എത്ര നിസ്സാരമായ കാര്യത്തിനാണ് തന്റെ മനസ്സ് വിഷമിച്ചത്. ഒരു വസ്ത്രം ശരീരത്തിന് ചേരാത്തതിന്റെ വേദന, ആശംസകൾ വരാത്തതിന്റെ ശൂന്യത... എല്ലാം എത്ര പെട്ടെന്നാണ് മാഞ്ഞുപോയത്.
അവയുടെ സ്ഥാനത്ത് ഇപ്പോൾ മനസ്സു നിറയെ ക്ഷേത്രത്തിലെ ഘണ്ഡാനാദത്തിന്റെ അലയൊലികളാണ്. ആ മണിനാദം മുഴങ്ങിയത് ക്ഷേത്രത്തിൽ മാത്രമല്ല, തന്റെ ആത്മാവിൽ കൂടിയായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭഗവാന് വേണ്ടി സേവ ചെയ്യാൻ കിട്ടിയ അപൂർവ്വ ഭാഗ്യം. അതൊരു നിയോഗമായിരുന്നു. ലോകം തന്നെ ശ്രദ്ധിക്കുന്നില്ലെന്ന പരാതിക്ക് ഭഗവാൻ നൽകിയ മറുപടി.
പിന്നെ അമ്മയുടെ മുഖം ഓർമ്മ വന്നു. ഒരു വാക്ക് കൊണ്ട് പോലും പിറന്നാളിനെക്കുറിച്ച് സൂചിപ്പിക്കാതിരുന്ന അമ്മ, ഒരു കിണ്ണം പാൽപ്പായസത്തിൽ തന്റെ സ്നേഹം മുഴുവൻ നിറച്ചു നൽകി.
ആ സ്നേഹത്തിന്റെ മാധുര്യത്തിനു മുന്നിൽ ലോകത്തിലെ മറ്റെല്ലാ ആഘോഷങ്ങളും എത്ര ചെറുതാണ്.
മാധവൻ എഴുന്നേറ്റ് ജനലിനരികിൽ നിന്നു. ഇപ്പോൾ അയാൾക്ക് ഏകാന്തത അനുഭവപ്പെട്ടില്ല. പകരം, ശാന്തമായൊരു നിറവ് ഹൃദയത്തിൽ വന്നു നിറയുന്നു. ഒരു ജന്മദിനം ധന്യമാകാൻ വലിയ ആഘോഷങ്ങളോ, വിലകൂടിയ സമ്മാനങ്ങളോ, ആളുകളുടെ ആശംസാപ്രവാഹമോ വേണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു. തികച്ചും അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു ദൈവിക നിയോഗവും, ഒരക്ഷരം മിണ്ടാതെ നമ്മളെ സ്നേഹിക്കുന്നവരുടെ കരുതലും മതി.
ആരോരുമറിയാതെ കടന്നുപോയ ആ പിറന്നാൾ, യഥാർത്ഥത്തിൽ തന്നെത്തന്നെ കണ്ടെത്താനുള്ള ഒരു യാത്രയായിരുന്നു. പരാതികളുടെ പുറംതോട് പൊട്ടിച്ച്, ഉള്ളിലെ ആത്മാവിനെ തൊട്ടറിഞ്ഞ ധന്യമായ ദിനം. പുറത്തെ നിലാവിന് ആ പാൽപ്പായസത്തിന്റെ അതേ കുളിരുള്ള മധുരം തോന്നിച്ചു. ഒരു പുഞ്ചിരിയോടെ, തികഞ്ഞ സംതൃപ്തിയോടെ അയാൾ ഉറങ്ങാൻ കിടന്നു. ആ ഉറക്കത്തിലും ക്ഷേത്രത്തിലെ മണിനാദം ഒരു താരാട്ടുപോലെ അയാളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
Comments
Post a Comment