ഫെമിനിച്ചി ഫാത്തിമ': ഒരു കിടക്കയിൽ നിന്ന് തുടങ്ങുന്ന പെൺപോരാട്ടം
കേരളീയ സാഹചര്യങ്ങളിലെ സ്ത്രീകളുടെ നിസ്സഹായതയും ചെറുത്തുനിൽപ്പും വിഷയമാക്കിയ ചിത്രമായിരുന്നു ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'. മലയാള സിനിമയിൽ വലിയ ചലനം സൃഷ്ടിച്ച 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ഏറെ ചര്‍ച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. അതേ ഗണത്തിൽ പെടുന്ന മറ്റൊരു ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'യും. എന്നാല്‍ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'പോലെ 'ഫോഴ്സ്ഡ്' അല്ലാതെ, രാഷ്ട്രീയമെന്നും സാമൂഹിക പ്രസക്തിയെന്നും ഈ സിനിമ പറയുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ്. കേരളീയ സ്ത്രീജീവിതം വളരെ സ്വാഭാവികതയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയ സിനിമ, ശക്തമായ രാഷ്ട്രീയ പ്രമേയം വളരെ ലളിതമായി പറയുന്നു. കടലോര ഗ്രാമം പശ്ചാത്തലമായി യാഥാസ്ഥിതികവും മതവിശ്വാസിയായി ഭർത്താവായ അഷ്റഫിന്റെ (കുമാർ സുനിൽ) നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ (ഷംല ഹംസ)യും കുടുംബവും ആണ് പ്രമേയം. ഒരു ദിവസം മൂത്ത മകൻ കിടക്കയിൽ മൂത്രമൊഴിക്കുന്നത് കൊണ്ടാണ് 'കിടക്കപ്രശ്നം' തുടങ്ങുന്നത്. ഒരു പുതിയ കിടക്ക എന്നല്ല,...