കാല്പനികതയുടെ തൂവാനത്തുമ്പികൾ




ചിലർ അങ്ങനെ ആണ് . ഒരു മഴയത്ത് മനസ്സിലേക്ക് ഓടി കയറി വരും. ഒരു തോരാ മഴയായ് പെതിറങ്ങും. ഇഷ്ടമായി തുടങ്ങുമ്പോൾ പൊടുന്നനെ യാത്രയാവും. പിന്നീട് എപ്പോൾ മഴ പെയ്താലും ഓർമകളിൽ ഓടി ഏത്തും, സുഖമുള്ള ഒരു വേദനയായ്.


 'തൂവാനത്തുമ്പികൾ' എന്ന സിനിമ ആദ്യം കണ്ടതെന്ന് ഏകദേശം 30 വർഷങ്ങൾക്ക് മുമ്പാണ്. വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാന്ത്രിക ശക്തി ആ ചിത്രത്തിന് ഉണ്ട്. എത്ര വട്ടം ഞാൻ തന്നെ ഈ ചലച്ചിത്രം കണ്ടിരിക്കുന്നു എന്നതിന് കൃത്യമായ കണക്ക് ഇല്ല. ഇന്ന് ലാലേട്ടന്റെ പിറന്നാളിന്, ഒരിക്കൽ കൂടി ജയകൃഷ്ണനേയും, ക്ലാരയെയും രാധയേയും ഞാൻ കണ്ടു.

വിവരിക്കാനാവാത്ത എന്തോ ഒരു അനുഭവം ആ സിനിമ ഓരോ പ്രേക്ഷകനുമായും പങ്കുവെക്കുന്നുണ്ട്. ഒരുപക്ഷേ അതിലെ ചില രംഗങ്ങൾ എല്ലാവരും അവനവനിലെത്തന്നെ വിഫലകാമനകളുടെ താദാത്മ്യം പ്രാപിക്കലായി കണ്ടതുകൊണ്ടാകാം അല്ലെങ്കിൽ ആ രംഗങ്ങൾ നമ്മുടെ ജീവിതവുമായി കൂടുതൽ അടുത്തുനിൽക്കുന്നതുകൊണ്ടാകാം , ആ സിനിമ ഇത്രയും ഹൃദയങ്ങൾ കീഴടക്കിയത്. 

'ഉപ്പിട്ട് ഓരോ നാരങ്ങാവെള്ളം അങ്ങ് കാച്ചിയാലോ " എന്ന് ജയകൃഷ്ണൻ ഋഷിയോടു ചോദിക്കുമ്പോൾ ആ ചോദ്യത്തിലെ കുസൃതി ഒട്ടുമിക്ക ചെറുപ്പക്കാർക്കും ആസ്വദിക്കാൻ കഴിയുന്നു, കാരണം അത്തരം വ്യക്തികൾ ചിലപ്പോഴൊക്കെ അവരവർ തന്നെയാണ് അല്ലെങ്കിൽ അവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ്.

പ്രണയത്തിന്റെ കാല്പനികഭാവങ്ങളുമായി മഴയെ ഇത്ര മനോഹരമായി ബന്ധിപ്പിച്ച മറ്റൊരു സിനിമയുണ്ടോ? കരിമഷിയെഴുതിയ കണ്ണുകളും വലിയ ചുവന്ന കുങ്കുമപ്പൊട്ടും മഴയിൽ കുതിർന്നു മുഖത്തേയ്ക്കു വീണ മുടിയിഴകളും ഹൃദയഹാരിയായ പശ്ചാത്തല സംഗീതവുമായി മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒരു സൗന്ദര്യ സങ്കൽപ്പമാണോ ക്ലാര? അവരെ എങ്ങനെ ആ സിനിമയിലെ ഒരു കഥാപാത്രം എന്ന് മാത്രം വിളിക്കാൻ കഴിയും? തികച്ചും കാല്പനികമായ ഒരു പരിവേഷം സൃഷ്ടിക്കുന്ന ഇത്തരം കഥാപാത്രസൃഷ്ടികളെ 'ഒരു പദ്മരാജൻ ടച്ച് ' എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കുവാനാണ് ?

സ്വയം നശിച്ചതറിഞ്ഞു ജയകൃഷ്ണനിൽ നിന്ന്‌ അകന്നു മാറുന്ന ക്ലാരയിലും, ക്ലാരയോടുള്ള പ്രണയം രാധയോട് മറച്ചുവെയ്ക്കാത്ത ജയകൃഷ്ണനും, ജയകൃഷ്ണനും ക്ലാരയുമായുള്ള പ്രണയത്തെ അവിശുദ്ധമായി കാണാത്ത രാധയും ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ വിശുദ്ധപ്രണയത്തിന്റെ സന്ദേശമല്ലേ നമുക്ക് തന്നത്? അതുകൊണ്ടായിരിക്കാം നീണ്ട മുപ്പത്തിമൂന്നു വർഷങ്ങൾക്ക് ശേഷവും നമ്മളിൽ പ്രണയത്തിന്റെ സൗരഭ്യവും നഷ്ടപ്രണയത്തിന്റെ വേദനയും നിറയ്ക്കാൻ ആ കഥാപാത്രങ്ങൾക്ക് കഴിയുന്നത്..  

" ഒന്നാം രാഗം പാടി.. ഒന്നിനെ മാത്രം തേടി " എന്ന ഗാനം ക്ഷേത്രാന്തരീക്ഷവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന മലയാളികളുടെ പ്രണയ സങ്കൽപ്പങ്ങളുടെ ഒരു പ്രതിഫലനം തന്നെയാണ്. ഗ്രാമീണഭംഗി നിറയുന്ന മണ്ണാറത്തൊടിയും, ജയകൃഷ്ണന്റെയും രാധയുടെയും പ്രണയത്തിന്റെ ഇടനിലക്കാരാകുന്ന, നേര്യതും ചന്ദനക്കുറിയുമണിഞ്ഞു മനസ്സ് നിറയെ വാത്സല്യവുമായി വരുന്ന ഏട്ടത്തി കഥാപാത്രങ്ങളും ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തന്നെ. 

വായിക്കുന്തോറും ഹൃദിസ്ഥമാകുന്ന ഒരു കവിതപോലെ, വർഷങ്ങൾ കഴിയുന്തോറും മനോഹരമായ ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും നമ്മുടെ മനസ്സുകളിൽ കൂടുതൽ കൂടുതൽ ആഴത്തിൽ പതിയുമായിരിക്കും. കാല്പനികത തുളുമ്പുന്ന ഈ സിനിമ നമുക്ക് സമ്മാനിച്ച പി. പദ്മരാജൻ എന്ന അതുല്യപ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ ഈ ചെറിയ കുറിപ്പ് സമർപ്പിക്കുന്നു. ലാലേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും നേരുന്നു.


Comments

Popular posts from this blog

No More Back Benchers: Rethinking Classroom Seating Inspired by the Malayalam movie 'Sthanarthi Sreekuttan'

Deep Forest Thrills: Our Unforgettable Night Safari and Wildlife Encounters in Nelliyampathi

Strong Critique of "Tourist Family": The Dangers of Generalizing Illegal Immigration and Fake Identity Creation