മൂഡ് ഔട്ട് ആക്കിയ ഗവി, മൂഡ് മാറ്റിയ കുട്ടിക്കാനം!- Wandering Bees നൊപ്പം ഒരു യാത്ര
ഗവിയിലേക്കുള്ള യാത്രയുടെ തുടക്കം എനിക്ക് അല്പം നിരാശ നിറഞ്ഞതായിരുന്നു എന്ന് പറയാതെ വയ്യ. കാലാവസ്ഥ അത്ര സുഖമുള്ള തല്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ വന്യജീവികളെ കാണാൻ സാധിക്കാത്തതും എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.
ആ നഷ്ടബോധത്തോടെയാണ് ഗവി കടന്ന് കുട്ടിക്കാനത്തേക്ക് യാത്ര തുടങ്ങുന്നത്. എന്നാൽ Wandering Bees-ന്റെ യാത്രകളിൽ എപ്പോഴും ഒരു 'സർപ്രൈസ്' ഒളിഞ്ഞിരിപ്പുണ്ടാകും എന്നതാണ് എൻ്റെ അനുഭവം. ആ അനുഭവത്തിലേക്ക് ഒരു മുതൽ കൂട്ടാണ് കുട്ടിക്കാനത്തെ 'Epic Camping' റിസോർട്ടിൽ എത്തിയപ്പോൾ എനിക്ക് ഉണ്ടായത്.
മരം കോച്ചുന്ന തണുപ്പും, ചായത്തോട്ടങ്ങൾക്ക് നടുവിലായുള്ള ടെന്റുകളും കോട്ടേജുകളും ഞങ്ങളെ സ്വാഗതം ചെയ്തു. ആ തണുപ്പിൽ ചേക്കേറിയപ്പോൾ ഗവിയിലെ ക്ഷീണം മെല്ലെ മാറാൻ തുടങ്ങി. എന്നാൽ യഥാർത്ഥ വിസ്മയം കാത്തിരുന്നത് പിറ്റേന്ന് രാവിലെയായിരുന്നു.
റിസോർട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ട്രെക്ക് ചെയ്ത് ഞങ്ങൾ എത്തിയത് അതിമനോഹരമായ ഒരു വ്യൂ പോയിന്റിലേക്കാണ്. കോടമഞ്ഞ് പുതച്ച് പ്രകൃതി ഞങ്ങളെ വരവേറ്റു. ആ കാഴ്ച കണ്ണിന് കുളിർമയേകുന്നതായിരുന്നു.
ആ പ്രഭാതത്തെ കൂടുതൽ സുന്ദരമാക്കിയത് ഞങ്ങളുടെ കൂടെ കൂടിയ മറ്റൊരു അതിഥിയാണ്; റിസോർട്ടിലെ 'റൂബി' എന്ന നായക്കുട്ടി. വ്യൂ പോയിന്റിലെ മഞ്ഞിൽ അവളോടൊപ്പം കളിച്ചുല്ലസിച്ച നിമിഷങ്ങൾ ഈ യാത്രയിലെ ഏറ്റവും ക്യൂട്ട് ആയ ഓർമ്മകളിലൊന്നാണ്.
തിരിച്ച് റിസോർട്ടിലെത്തി പ്രാതൽ കഴിച്ച ശേഷം ഞങ്ങൾ പോയത് റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വെള്ളച്ചാട്ടത്തിലേക്കാണ്. അതൊരു ചെറിയ സാഹസിക യാത്ര തന്നെയായിരുന്നു. ഏകദേശം 2 കിലോമീറ്റർ യാത്രയും, 70 ഡിഗ്രിയോളം ചെരിവുള്ള മലയിറക്കവും!
ആ യാത്രക്ക് ഒടുവിൽ കണ്ട കാഴ്ച മനസ്സ് നിറയ്ക്കുന്നതായിരുന്നു. പ്രകൃതി ഒരുക്കിയ ആ സുന്ദരമായ വെള്ളച്ചാട്ടത്തിന്റെ കുളിരിൽ അലിഞ്ഞുചേർന്നപ്പോൾ സമയം പോയതറിഞ്ഞില്ല.
ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഗവിയിലെ നഷ്ടബോധമായിരുന്നില്ല, മറിച്ച് കുട്ടിക്കാനത്തെ കോടമഞ്ഞും, റൂബിയും, ആ വെള്ളച്ചാട്ടവും സമ്മാനിച്ച സന്തോഷമായിരുന്നു.
ഈ യാത്ര ഇത്രമേൽ മനോഹരമാക്കിയ Wandering Bees-നും, സുരക്ഷിതമായി ഞങ്ങളെ കൊണ്ടുപോയ സാരഥി സനത്തിനും, ഒപ്പം ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന 20 സഹയാത്രികർക്കും ഹൃദയം നിറഞ്ഞ സ്നേഹം!
Comments
Post a Comment