അഗ്നിയും അനുഗ്രഹവും:കണ്ണൂരിലേക്കൊരു തെയ്യം യാത്ര


വർഷങ്ങളായി മനസ്സിനുള്ളിൽ സൂക്ഷിച്ചുവെച്ച വലിയൊരു ആഗ്രഹമായിരുന്നു തെയ്യം നേരിൽ കാണുക എന്നത്. ആ കാത്തിരിപ്പിന് വിരാമമിടാൻ കണ്ണൂരിന്റെ മണ്ണിലേക്ക്, ദൈവങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര. 'Wandering Bees'-ന് ഒപ്പം നടത്തിയ ഈ യാത്ര വെറുമൊരു സഞ്ചാരമായിരുന്നില്ല, മറിച്ച് ഒരു തീർത്ഥാടനം തന്നെയായിരുന്നു.

കാഴ്ച തുടങ്ങുമ്പോൾ അത് അതിഗംഭീരമായത് തന്നെ ആവണം എന്നത് ദൈവ നിശ്ചയമായിരിക്കാം. ചെറുകുന്ന് പയ്യൻ പറമ്പിലായിരുന്നു കണ്ടനാർ കേളൻ തെയ്യത്തിൻ്റെ വെള്ളാട്ടവും അഗ്നി പ്രവേശവും. കനലിൽ കുളിച്ചു നിൽക്കുന്ന തെയ്യക്കോലത്തെ കണ്ടപ്പോൾ മനസ്സിൽ ഭക്തിയും അത്ഭുതവും നിറഞ്ഞു. കണ്ടനാർ കേളന്റെയും, തൊണ്ടച്ചന്റെയും, ഗുളികന്റെയും അരുൾ നേടുവാനുള്ള ഭാഗ്യം ഈ യാത്രയിൽ എനിക്ക് ലഭിച്ചു. തികച്ചും സ്വകാര്യമായ ഈ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച Wandering Bees-ലെ സമയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സമയിലൂടെയാണ് ഈ വലിയ ആഗ്രഹത്തിന് കാര്യ സാഫല്യമുണ്ടായത്.

തെയ്യം മാത്രമല്ല, കണ്ണൂരിലെ ക്ഷേത്ര ദർശനങ്ങളും ഈ യാത്രയെ ധന്യമാക്കി. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മധ്യാന വേളയിലെ പ്രസാദ ഊട്ട് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. അന്നലക്ഷ്മിയുടെ അനുഗ്രഹം പോലെ അവിടെ വെച്ച് ഷിബു, പ്രജീഷ് എന്നീ രണ്ട് പുതിയ സുഹൃത്തുക്കളെ കൂടി എനിക്ക് ലഭിച്ചു.

യാത്രയിലെ മറ്റൊരു വിസ്മയം പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമായിരുന്നു. വാസ്തുവിദ്യയുടെ അത്ഭുതം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അവിടുത്തെ ക്ഷേത്രക്കുളം കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. ആ കുളത്തിലെ മത്സ്യങ്ങളുമായി കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചത് മറക്കുവാൻ സാധിക്കാത്ത അനുഭവമായി മാറി. ഒപ്പം അവിടെ വെച്ച് വെളിച്ചപ്പാടിൻ്റെ അരുൾ നേടുവാനുള്ള അവസരവും ലഭിച്ചു. മാടായി കാവ് ദർശനം കൂടി ആയപ്പോൾ മനസ്സിന് വല്ലാത്തൊരു പൂർണ്ണത അനുഭവപ്പെട്ടു.

തെയ്യം എന്ന വിസ്മയത്തെ നെഞ്ചിലേറ്റാൻ എനിക്കൊപ്പം കൂടിയ 11 സഹയാത്രികരെയും ഈ അവസരത്തിൽ ഓർക്കുന്നു. അപരിചിതരായി വന്ന്, ഒരൊറ്റ യാത്ര കൊണ്ട് ഹൃദയത്തിൽ ഇടം നേടിയവർ.
ഈ യാത്ര എനിക്ക് സമ്മാനിച്ചത് വെറും കാഴ്ചകളല്ല, മറിച്ച് ഉള്ളിൽ തട്ടിയ കുറെ അനുഭവങ്ങളാണ്. അതിന് വഴിയൊരുക്കിയ സമക്കും, Wandering Bees-നും, കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി.

മുരളി തൃപ്പാദപുരം

Comments

Popular posts from this blog

Santosh (2024) – A Quietly Devastating Crime Drama That Holds Up a Mirror to Society

A Day of Delight at Mandrothu: A Teacher's Retreat

Trekking to Varayadumotta: A Challenging Yet Rewarding Experience