ശിലാമുദ്രകളും ശിവമന്ത്രങ്ങളും: കഴുകുമലൈ മുതൽ നെല്ലൈ വരെ ഒരു പുണ്യയാത്ര
"ഭൂമിയുടെ ആഴങ്ങളിലെ ഇടുങ്ങിയ വഴിക്ക് ഒടുവിലായ് ഞങ്ങൾ പരബ്രഹ്മ ചൈതന്യം കണ്ടെത്തി; ദൈവ ദർശനത്തിനായി ആത്മസമർപ്പണത്തോടെയുള്ള കാത്തിരിപ്പിൽ ഞങ്ങൾ മനശാന്തി കണ്ടെത്തി."
കേവലം ഒരു യാത്രയായിരുന്നില്ല ഇത്; കാലത്തിന്റെ കരിങ്കൽ പാളികളിലൂടെയുള്ള ഒരു തീർത്ഥാടനമായിരുന്നു. കഴുകുമലൈയിലെ പരുക്കൻ മലഞ്ചെരുവുകളിൽ തുടങ്ങി തിരുനെൽവേലിയിലെ വിണ്ണോളം ഉയരുന്ന ഗോപുരക്കാഴ്ചകൾ വരെ നീണ്ട ഈ ദിനത്തിൽ, ഓരോ ചുവടും ഒരു അദൃശ്യകൃപയാൽ നയിക്കപ്പെടുകയായിരുന്നു.
കഴുകുമലൈയിലെ ഗൂഢരഹസ്യം: സിദ്ധസന്നിധിയിലെ പ്രകാശം
പരാന്തക നെടുംചെഴിയൻ എന്ന പാണ്ഡ്യ രാജാവ് പണിയാൻ തുടങ്ങി പൂർത്തിയാക്കാൻ സാധിക്കാതെ പോയ ശിലാവിസ്മയമായ വെട്ടുവൻ കോവിലിലായിരുന്നു ഞങ്ങളുടെ സായാഹ്നം. കുടവരൈ മുരുകന്റെയും ഭക്തർക്ക് തണലേകുന്ന വെയിൽ കാത്ത അമ്മന്റെയും സന്നിധിയിൽ വണങ്ങി നിൽക്കുമ്പോൾ, അപ്രതീക്ഷിതമായൊരു മഹാഭാഗ്യമാണ് ഞങ്ങളെ തേടിയെത്തിയത്.
സാധാരണ സഞ്ചാരികൾക്ക് പ്രാപ്യമല്ലാത്ത 'മുളകായ് സിദ്ധരുടെ' മൂലസ്ഥാനത്തേക്ക് പ്രവേശിക്കാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചു. ഭൂമിയുടെ ഗർഭപാത്രത്തിലേക്കെന്നപോലെ, ഏറ്റവും ഇടുങ്ങിയതും താഴ്ന്നതുമായ ഒരു ഗുഹാപാതയിലൂടെ വേണമായിരുന്നു ആ പവിത്ര സന്നിധിയിലെത്താൻ. അഹംഭാവമെല്ലാം വെടിഞ്ഞ്, ശാരീരികമായ പരിമിതികളെ അതിജീവിച്ചു ചെന്നെത്തിയത് നിശബ്ദത തളംകെട്ടിനിൽക്കുന്ന ഒരു ഗുഹാന്തരത്തിലാണ്. അവിടെ, പ്രകൃതി തന്നെ കനിഞ്ഞുനൽകിയ സ്വയംഭൂ ശിവലിംഗത്തിന് മുന്നിൽ ഞങ്ങൾ വിസ്മയഭരിതരായി നിന്നു. ആ ഗുഹയ്ക്കുള്ളിൽ ദീപാരാധന നടത്താനും പൂജകൾ അർപ്പിക്കാനും കഴിഞ്ഞത് ആത്മാവിനെ സ്പർശിച്ച ധന്യമുഹൂർത്തമായി എന്നെന്നും മനസ്സിൽ ജ്വലിച്ചുനിൽക്കും.
നെല്ലെയപ്പർ ക്കാഷേത്രത്തിലെ കാത്തിരിപ്പിന്റെ മാധുര്യം
ഗുഹയുടെ നിശബ്ദതയിൽ നിന്ന് ഞങ്ങൾ എത്തിയത് ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുന്ന നെല്ലെയപ്പർ ക്ഷേത്രത്തിലേക്കാണ്. ചിലപ്പോഴൊക്കെ ദൈവം നമുക്ക് കാത്തുനിൽപ്പിന്റെ കയ്പ്പും പിന്നെ ദർശനത്തിന്റെ മധുരവും നൽകും. ഗാന്ധിമതി (ഗോമതി) അമ്മന്റെ അർദ്ധയാമ പൂജയ്ക്കായി ഏകദേശം ഒരു മണിക്കൂർ ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു.
ആ കാത്തിരിപ്പ് വെറുതെയായിരുന്നില്ല; അത് മനസ്സിനെ ശുദ്ധീകരിക്കാനുള്ള സമയമായിരുന്നു. ഒടുവിൽ, അഭിഷേകവും ദീപാരാധനയും കഴിഞ്ഞ് ദേവി സർവ്വാഭരണവിഭൂഷിതയായി വിളങ്ങുന്നത് കണ്ടപ്പോൾ സർവ്വ തളർച്ചയും മാഞ്ഞുപോയി. ഭക്തിയുടെ ആ ചൈതന്യം നെഞ്ചിലേറ്റിയപ്പോൾ ആത്മീയമായ ഒരു പൂർണ്ണത കൈവന്നതുപോലെ തോന്നി.
മധുരമൂറുന്ന ഓർമ്മകൾ
യാത്രയുടെ പരിസമാപ്തി നെല്ലൈയുടെ സത്തയായ ഇരുട്ടുക്കടൈ ഹൽവയിലായിരുന്നു. നെയ്യിന്റെ നറുമണവും ആ മധുരവും ആ സായാഹ്നത്തിലെ നീണ്ട ആത്മീയസഞ്ചാരത്തിന് ഇമ്പമേകി.
"യാത്രയുടെ തളർച്ചയിൽ ഈ രാത്രി മയങ്ങുമ്പോൾ, ആ ഗുഹയിലെ പവിത്രമായ മൂകതയും, ക്ഷേത്രമുറ്റത്തെ മണിമുഴക്കങ്ങളും ഞങ്ങളുടെ ഹൃദയത്തിൽ ഒരു പ്രാർത്ഥനയായി
നിറയുന്നു."
Comments
Post a Comment